ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുരാതനമായ നാടുവാഴി രാജവാഴ്ചയില്‍ തെക്കുംകൂറിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയുടെ അധികാരപരിധിയില്‍പെട്ട പ്രദേശമായിരുന്നു മീനടം. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഹൈന്ദവരെക്കൂടാതെ മറ്റു പ്രദേശങ്ങളില്‍ നിന്നും യോദ്ധാക്കളും കച്ചവടക്കാരും കൃഷിക്കാരുമായി സുറിയാനി ക്രിസ്ത്യാനികള്‍ കുടിയേറി പാര്‍ത്തിരുന്നു. പോര്‍ട്ടുഗീസുകാര്‍ മുതലുള്ള വിദേശീയരുമായി ബന്ധപ്പെടുകയും കൃഷിയും, വ്യാപാരവും വികസിക്കുകയും ചെയ്തതിനെതുടര്‍ന്ന് മീനടത്തിന്റെ സമീപപ്രദേശങ്ങളെക്കൂടി ബന്ധപ്പെടുത്തി ഒരു വാണിജ്യകേന്ദ്രം രൂപപ്പെട്ടു. ജലമാര്‍ഗ്ഗ ഗതാഗതസൌകര്യം ഉണ്ടായിരുന്ന മീനടം വലിയതോടിനെ വ്യാപാരാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തി. ഇപ്പോള്‍ പള്ളിപ്പാടം എന്നുപറയപ്പെടുന്ന സ്ഥലം അക്കാലത്ത് വികാസം പ്രാപിച്ചിരുന്ന ഒരിടമായിരുന്നു. തെക്കുംകൂര്‍ രാജാവിന്റെ സൈന്യത്തിനുവേണ്ട പരിശീലന കേന്ദ്രങ്ങളും ഈ ഭാഗത്തുണ്ടായിരുന്നു. കാര്‍ഷികവൃത്തിയില്‍ ഈ പ്രദേശം അധിഷ്ഠിതമായി. കാലിവളര്‍ത്തലും ഉപതൊഴിലായിരുന്നു. കോട്ടയം ജില്ലയുടെ ഉപവിഭാഗമായ പാമ്പാടി പ്രദേശത്തിന്റെ എട്ടുകരകളില്‍ ഒന്നായ മീനടം ഫലഭൂയിഷ്ഠവും ദാരിദ്ര്യം ഇല്ലാത്തതും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതസൌഹാര്‍ദ്ദത്തിലും പരസ്പര സ്നേഹത്തോടും കൂടെ കഴിഞ്ഞിരുന്നതായും മനസ്സിലാക്കാം. ഇവിടെ പണ്ടു മുതല്‍ മുസ്ളീങ്ങള്‍ അധികം താമസമില്ലായിരുന്നു എന്നും കാണാവുന്നതാണ്. എന്നാല്‍ 2017 ആയപ്പോള്‍ മുസ്ലീം കുടുംബങ്ങളും ഈ പ്രദേശത്ത് താമസം ആരംഭിക്കുകയും സൗഹാര്‍ദ്ദ സമീപനത്തോടെ മുമ്പോട്ട് പോകുകയും ചെയ്യുന്നു.
സാംസ്കാരിക രംഗത്ത് പലതലത്തിലും വളര്‍ച്ച പ്രാപിച്ചിരുന്ന കോട്ടയവുമായുള്ള ഈ പ്രദേശത്തിന്റെ സാമീപ്യവും, വിദ്യാഭ്യാസപരമായി ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവോടുകൂടി ആധുനിക വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയും അവിടുത്തെ സൌകര്യങ്ങളും, സ്ഥാപനങ്ങളും ഇവിടെയുണ്ടായിരുന്നവരുടെ സാംസ്കാരിക വളര്‍ച്ചക്ക് സഹായകമായിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സി.എം.എസ്. മിഷനറിമാര്‍ നടത്തിയ പ്രവര്‍ത്തനം സാമൂഹ്യമായ അവരുടെ ഉയര്‍ച്ചയ്ക്ക് ഈ പ്രദേശത്ത് കളമൊരുക്കി. വിദ്യാഭ്യാസത്തിനും, ദൈവാരാധനയ്ക്കും സൌകര്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു.
ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടുകൂടി സ്ഥാപിതമായ മഞ്ഞാടി ശിവക്ഷേത്രം അവര്‍ണ്ണരുടെ പുരോഗമനത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. മീനടം ഭഗവതി ക്ഷേത്രം, വട്ടക്കാവ് ദുര്‍ഗ്ഗാക്ഷേത്രം എന്നിവ ഇവിടുത്തെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്.മീനടം പ്രദേശത്തിന്‍റെ സാംസ്കാരിക പൈത്യകം വിളിച്ചോതുന്ന മീനടം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാടിന്‍റെ ഉത്സവമായി ആഘോഷിക്കുന്നു.
ക്രിസ്ത്യന്‍ പള്ളികളില്‍ പഴക്കമുള്ള പ്രധാന ദേവാലയമാണ് സെന്റ് തോമസ്സ് വലിയപള്ളി. ഇതിലേക്ക് സ്ഥലം ദാനമായി നല്‍കിയത് ‘ചിറയ്ക്കല്‍ നായര്‍’ കുടുംബമാണ്. ഈ ദേവാലയങ്ങളിലെ ഉത്സവങ്ങളും, പെരുന്നാളും ഈ നാടിന്റെ ദേശീയ ഉത്സവങ്ങളായിട്ടാണ് നടത്തപ്പെടുന്നത്.പുണ്യസ്ഥലമായ പൊത്തമ്പുറം ദയറായുടെ സ്ഥാപനത്തിനും ഭൂമി കൊടുത്തത് മഠത്തില്‍ നായര്‍ കുടുംബമാണ്. ഈ ദേവാലയങ്ങളിലെ ഉത്സവങ്ങളും, പെരുന്നാളുകളും ഈ നാടിന്റെ ദേശീയ ഉത്സവങ്ങളായിട്ടാണ് നടത്തപ്പെടുന്നത്. സെന്‍റ് ജോണ്‍സ് തെക്കേക്കര, സെന്‍റ് ജോണ്‍സ് വടക്കേക്കര, സെന്‍റ് മേരീസ് ചര്‍ച്ച് എന്നിവയും ഇവിടുത്തെ പഴക്കമുള്ള ദേവാലയങ്ങളാണ്.
വെന്നിമല കേന്ദ്രമായി ഏറ്റവും സംസ്കാരസമ്പന്നമായിരുന്ന ഒരു പ്രദേശത്തിന്റെ ഭാഗമാണ് മീനടം ഗ്രാമം. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗരുഡന്‍ പറവ, മയില്‍പ്പീലിതൂക്കം, തുള്ളല്‍, തിരുവാതിരകളി, കളമെഴുത്ത്, പുള്ളുവന്‍പാട്ട് മുതലായവയും പള്ളികളോടനുബന്ധിച്ച് മാര്‍ഗ്ഗംകളി, പരിചമുട്ട് കളി മുതലായവയും ഓണാഘോഷത്തോടനുബന്ധിച്ച് പകിടകളി, ചതുരംഗം, കടുവാകളി മുതലായവയും, കാര്‍ഷിക മേഖലയില്‍ കൊയ്ത്ത് പാട്ട്, കാളയോട്ടം, മരമടി മുതലായവയും ഇവിടെ നിലനിന്നിരുന്നു. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാള്‍, ക്രിസ്തുമസ്സ് കാലങ്ങളില്‍ മേല്‍പറഞ്ഞവ നടത്തുന്നുണ്ട്. ഈ ഗ്രാമപ്രദേശത്ത് പ്രധാനമായി അഞ്ചു ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഗീതാക്ളാസ്സുകള്‍, പള്ളികളോടനുബന്ധിച്ചുള്ള സണ്‍ഡേ സ്ക്കൂള്‍, മറ്റു സാമുദായിക സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ എന്നിവ ഈ പ്രദേശത്തെ വിദ്യാഭ്യാസ കാലാ സാംസ്കാരിക അഭിവൃദ്ധിയ്ക്ക് ആക്കം കൂട്ടുന്നു.
രാഷ്ട്രീയമായി വിഭിന്ന കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ജനങ്ങളില്‍ കക്ഷി വൈരാഗ്യങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ സംഘട്ടനങ്ങളും, മറ്റു പല പ്രശ്നങ്ങളും പഴയ കാലങ്ങളില്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതിന്‍റെ ഒക്കെ തിക്തഫലങ്ങള്‍ കണ്ടറിഞ്ഞ പിന്‍തലമുറക്കാരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തിക്കൊണ്ട് ഗ്രാമത്തിന്‍റെ സമഗ്രമായ പുരോഗതിക്കു വേണ്ടി ഏകമനസ്സോടെ പ്രവര്‍ത്തിക്കുന്നതിന് ജാതി-മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹം മുമ്പോട്ടു വന്നതിലൂടെ കൂടുതല്‍ ഉത്തേജനം സാംസ്കാരിക രംഗത്ത് വളര്‍ത്തിയെടുക്കുന്നതിന് സാധിച്ചു.